Gallery

കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം “ഒളിമ്പിക് ഭവൻ” ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരമായ “ഒളിമ്പിക് ഭവൻ” ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷിബു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ലതാദേവി (മുൻ എം.എൽ.എ) മുഖ്യാതിഥിയായിരുന്നു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ദു ഗോപൻ, കടപ്പാക്കട ഡിവിഷൻ കൗൺസിലർ പ്രഫീൺ കുമാർ, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ എസ്. വിജയൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനും കായിക സംഘടനകൾക്ക് കൂടുതൽ സൗകര്യപ്രദമായ പ്രവർത്തന കേന്ദ്രമൊരുക്കുന്നതിനും “ഒളിമ്പിക് ഭവൻ” സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു

കൊല്ലം: കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ യോഗം 2026 ഫെബ്രുവരി 23-ന് രാവിലെ 10.30-ന് കൊല്ലം റെഡ് ക്രോസ് ഹാളിൽ നടന്നു. ജില്ലയിലെ കായിക വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരും കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി യോഗം സംഘടിപ്പിച്ചു. യോഗം പ്രാർത്ഥനയോടെ ആരംഭിച്ചു. കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ ആർ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷിബു പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായ റവന്യൂ ജില്ലാ സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രദീപ് കുമാർ എസ് കായികരംഗത്തിന്റെ വളർച്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ പങ്ക് നിർണായകമാണെന്നും സ്കൂൾ തലത്തിൽ നിന്നുള്ള കായിക പരിശീലനമാണ് ഭാവിയിലെ മികച്ച താരങ്ങളെ വളർത്തുന്നതിന് അടിസ്ഥാനമെന്നും അഭിപ്രായപ്പെട്ടു. കെ.എ.ടി.എ. (കേരള എയ്ഡഡ് സ്കൂൾസ് ടീച്ചേഴ്‌സ് അസോസിയേഷൻ) ജില്ലാ പ്രസിഡന്റ് അജിതകുമാരി എസ്, ജില്ല സ്പോർട്സ് കോർഡിനേറ്റർ സ്മിത മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ കായിക വികസനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ പങ്ക്, കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷനുമായി ഏകോപനം, ജില്ലാതല കായിക പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ്, ഭാവി പ്രവർത്തന പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ കായിക അധ്യാപകർ സജീവമായി പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സാബുജാൻ, വൈസ് പ്രസിഡന്റ് കെ. മനോജ് കുമാർ, എക്സിക്യൂട്ടീവ് അംഗം സി. സുനിത, കായിക അധ്യാപകർ എന്നിവർ സംസാരിച്ചു. ജില്ലയിലെ സ്കൂൾ തല കായിക പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു. എക്സിക്യൂട്ടീവ് മെമ്പർ വേണുഗോപാലൻ നായർ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ കായികരംഗത്തിന്റെ പുരോഗതിക്ക് ഈ യോഗം ഒരു പുതിയ തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു.

Scroll to Top